ഒമ്പതാം വാർഡിൽ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് തുടക്കമായി; 51 കുടുംബങ്ങൾക്ക് വിത്തുകൾ വിതരണം ചെയ്തു .
May 20, 2026
പനത്തടി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് റാണിപുരത്ത് നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് കുണ്ടുപ്പള്ളിയിൽ തുടക്കമായി. വാർഡിലെ 51 ഗുണഭോക്താക്കൾക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.ജെ. ജെയിംസ് നിർവ്വഹിച്ചു. നാല് തരം പച്ചക്കറി വിത്തുകളാണ് ഗുണഭോക്താക്കൾക്ക് നൽകിയത്.
എ.ഡി.എസ് പ്രസിഡൻ്റ് കാവ്യ അനീഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡിലെ ഓരോ വീട്ടിലും അടുക്കളമുറ്റ പച്ചക്കറി തോട്ടം യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കാസർഗോഡ് 'ആത്മ'യുമായി (ATMA) ബന്ധപ്പെട്ട് നൽകുമെന്ന് കെ.ജെ. ജെയിംസ് പറഞ്ഞു.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഗുണഭോക്താക്കൾക്ക് ജൂൺ മാസത്തിൽ പ്രത്യേക പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി. എഡിഎസ് സെക്രട്ടറി രേഷ്മ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വാർഡ് വികസന സമിതി അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.